വനിതകൾക്ക് സർക്കാർ വായ്പ കുറഞ്ഞ പലിശ നിരക്കിൽ. പരമാവധി തുക 30 ലക്ഷം രൂപ. അപേക്ഷിക്കേണ്ട രീതിയും ലിങ്കും സഹിതം.

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകളുടെ പുരോഗതി ലക്ഷ്യമാക്കി സംസ്ഥാനത്തെ വനിത വികസന കോർപ്പറേഷൻ മുഖേന കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന മൂന്ന് വ്യത്യസ്ത വായ്പാ പദ്ധതികളെക്കുറിച്ച് ഉള്ള വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോർപറേഷനുകളുടെ വായ്പാ ധനസഹായവും കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ചാണ് മിതമായ പലിശനിരക്കിൽ വനിതകൾക്ക് വേണ്ടിയുള്ള വിവിധ വായ്പാ പദ്ധതികൾ വനിത വികസന കോർപ്പറേഷൻ നടപ്പിലാക്കി വരുന്നത്.

സ്വയംതൊഴിൽ പദ്ധതിയാണ് ഒന്നാമത്തെ വായ്പ പദ്ധതി. 18 വയസ്സിനും 55 വയസ്സിനും പ്രായമുള്ളവർക്ക് സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാന പരിധി ഗ്രാമങ്ങളിൽ 98000 രൂപയും, പട്ടണങ്ങളിൽ 120000 രൂപയുമാണ്. പരമാവധി വായ്പാ തുക പൊതുവിഭാഗത്തിൽ ഉള്ളവർക്ക് മൂന്നു ലക്ഷം രൂപ വരെയാണ്. പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി അഞ്ചുവർഷവും ആണ്.

പിന്നോക്ക വിഭാഗ വനിതകൾക്ക് സ്വയം വായ്പാ പദ്ധതിക്ക് 10 ലക്ഷം വരെ ലോൺ ലഭിക്കും. പലിശ നിരക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ലോണുകൾക്ക് ആറു ശതമാനവും, അഞ്ചു മുതൽ പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 8 ശതമാനവുമാണ്. ഇതിന്റെ തിരിച്ചടവ് കാലാവധി അഞ്ച് വർഷവുമാണ്.
ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ, ക്രെഡിറ്റ് ലൈൻ 1 ക്രെഡിറ്റ് ലൈൻ 2 ഇങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.

പരമാവധി വായ്പാ തുക ക്രെഡിറ്റ് ലൈൻ വണ്ണിന് 20 ലക്ഷം രൂപവരെയും, ക്രെഡിറ്റ് ലൈൻ 2ന് 30 ലക്ഷം രൂപ വരെയുമാണ്. വായ്പയുടെ പലിശ നിരക്ക് ആറ് ശതമാനവും, തിരിച്ചടവ് കാലാവധി അഞ്ചുവർഷവും ആണ്. ക്രെഡിറ്റ് ലൈൻ 1 വായ്പ  അപേക്ഷിക്കുന്നവരുടെ വരുമാനപരിധി ഗ്രാമങ്ങളിൽ 81,000 രൂപവരെയും പട്ടണങ്ങളിൽ ഒരു ലക്ഷത്തി മൂവായിരം രൂപ വരെയുമാണ്. എന്നാൽ ക്രെഡിറ്റ് ലൈൻ 2 വിന് അപേക്ഷിക്കുന്നവർക്ക് വരുമാനപരിധി ആറ് ലക്ഷം രൂപവരെയുമാണ്.

ഒന്നിലധികം വനിതകൾ ചേർന്ന് നടത്തുന്ന സംയുക്ത സംഘങ്ങൾക്ക് നൽകുന്ന ലഘുവായ്പാ പദ്ധതിയാണ് വനിത വികസന കോർപ്പറേഷൻ നൽകുന്ന മറ്റൊരു വായ്പ. പിന്നോക്കവിഭാഗ വനിതകളുടെ കൂട്ടുസംരംഭത്തിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പരമാവധി 20 വനിതകൾക്ക് വരെ അംഗങ്ങളാകാൻ സാധിക്കും. ഓരോ അംഗങ്ങൾക്കും നൽകാവുന്ന പരമാവധി വായ്പാ തുക 50000 രൂപയാണ്. ഈ വായ്പയുടെ പലിശ നിരക്ക് നാല് ശതമാനം മാത്രമാണ്. നാലു വർഷമാണ് വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിത ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി ലഭിക്കാവുന്ന വായ്പാതുക 50 ലക്ഷം രൂപ വരെയാണ്. പലിശനിരക്ക് എസ്.എച്ച്.ജി സംരംഭങ്ങൾക്ക് അഞ്ച് ശതമാനവും, എൻജിഒ നടത്തുന്ന സംരംഭങ്ങൾക്ക് രണ്ടു ശതമാനവുമാണ്. തിരിച്ചടവ് കാലാവധി മൂന്നു വർഷവുമാണ്. വനിതാ വികസന കോർപറേഷനുകളുടെ മറ്റൊരു വായ്പാ പദ്ധതിയാണ് പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതി.

പിന്നോക്ക വിഭാഗത്തിൽ പെടുന്ന പെൺകുട്ടികൾക്ക് പത്തുലക്ഷം രൂപ വരെ ലോൺ ലഭിക്കും മൂന്നര ശതമാനമാണ് വാർഷിക പലിശ നൽകേണ്ടത്. വിദേശത്താണ് പഠിക്കുന്നത് എങ്കിൽ പരമാവധി 20 ലക്ഷം രൂപ വരെ ലോൺ ലഭിക്കും. ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന പെൺകുട്ടികൾക്ക് 20 ലക്ഷം രൂപ വരെ ലോൺ ലഭിക്കും. മൂന്ന് ശതമാനം പലിശയാണ് നൽകേണ്ടി വരിക. വിദേശത്താണ് പഠിക്കുന്നത് എങ്കിൽ 30 ലക്ഷം വരെ ലോൺ ലഭിക്കും. എന്നാൽ പലിശ നിരക്ക് അഞ്ച് ശതമാനം ആയിരിക്കും.

ഇതിനുള്ള തിരിച്ചടവ് കാലാവധി അഞ്ച് വർഷവുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികൾക്ക് ഇന്ത്യയിൽ പഠിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ ലോൺ ലഭിക്കും. വിദേശത്താണ് പഠിക്കുന്നത് എങ്കിൽ 20 ലക്ഷം രൂപവരെ ലോൺ ലഭിക്കും. ഇതിന്റെ പലിശ നിരക്ക് 4 ശതമാനമാണ് നൽകേണ്ടി വരുക. യു ജി സി യും യൂണിവേഴ്സിറ്റികളും, എ ഐ സി ടി യു, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും അംഗീകരിച്ച കോഴ്സുകൾക്ക് ആണ് വിദ്യാഭ്യാസ വായ്പകൾ ലഭിക്കുക. വനിതാ വികസന കോർപ്പറേഷനുങ്ങളുടെ ഈ മൂന്ന് വായ്പകൾക്ക് വേണ്ടിയുള്ള അപേക്ഷാഫോം കോർപ്പറേഷനുകളുടെ എല്ലാ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും.

www.kswdc.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാഫോമുകളോടൊപ്പം നൽകേണ്ട പ്രധാന രേഖകൾ ഇവയാണ്. ജാതി, വയസ്സ് എന്നിവ തെളിയിക്കുന്നതിനായി SSLC അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് പകർപ്പ്, വില്ലേജ് താലൂക്ക് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് പകർപ്പ് വേണം. റേഷൻ കാർഡിലെ ഒന്നും രണ്ടും പേജിന്റെ പകർപ്പ്, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് പകർപ്പ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, അപേക്ഷക വിധവയോ വികലാംഗയും നിരാലംബയോ ആണെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും വേണം.

ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച് അപേക്ഷക സ്വയം ഉണ്ടാക്കിയ പ്രോജക്ട് റിപ്പോർട്ടും ഇതിനോടൊപ്പം നൽകണം. വായ്പകളുടെ അടവിൽ കുടിശ്ശിക വന്നാൽ ഏകദേശം 6 ശതമാനത്തോളം വാർഷിക പിള്ള പലിശ ഈടാക്കുന്നതാണ്. കൂടാതെ വായ്പക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ പോലെയുള്ള ഈട് നൽകേണ്ടതാണ്.