മലയാളം കണ്ട ഏറ്റവും നല്ല മെഡിക്കൽ സർവൈവൽ ത്രില്ലർ. വൈറസ് എക്സലന്റ്, റിവ്യു

0
165

ആരോഗ്യരംഗത്ത് കേരളം ഇതുവരെ അഭിമുഖീകരിച്ചതിൽ വച്ച് ഏറ്റവും മാരകമായ പ്രതിസന്ധിയായിരുന്നു 2018 ൽ കോഴിക്കോട് ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധ. ഒരു നാടും നാട്ടാരും ഭരണകൂടവും ഇങ്ങനെയൊരു പ്രതിസന്ധിയിൽ നിന്നും ഐതിഹാസികമായി അതിജീവിച്ചതും നിപയെ വരുതിയിലാക്കിയത് എങ്ങനെ എന്നതിന്റെ അത്യുജ്വലമായ ചലച്ചിത്രാവിഷ്കാരമാണ് ആഷിഖ് അബുവിന്റെ വൈറസ്. കൃത്യം ഒരു വർഷത്തിന് ശേഷം കേരളം മറ്റൊരു നിപ ബാധയുടെ ഭീഷണിയിൽ നിൽക്കുന്ന സന്നിഗ്ദ്ധഘട്ടത്തിൽ തന്നെ വൈറസ് റിലീസ് ചെയ്യുന്നു എന്നത് പ്രസക്തമായ സംഗതിയാണ്.

രോഗം, ഔട്ട്ബ്രെയ്ക്ക്. ഡയഗനോസിസ്, ചികിത്സ, നിയന്ത്രണം, അതിജീവനം എന്നിങ്ങനെ വെറും ഡോക്യൂമെന്റഷൻ ലെവലിൽ പകർത്തിവെക്കാതെ നിപ ബാധയെ ഒന്നാം തരമൊരു ഫീച്ചർ ഫിലിമായിട്ടാണ് വൈറസ് ആഷിക് അബു തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്. തികഞ്ഞ വെല്ലുവിളിയാണിത്. മുഹ്‌സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തയ്യാറാക്കിയിരിക്കുന്ന സ്ക്രിപ്റ്റ് ആ അർത്ഥത്തിൽ ഫിക്ഷൻ അധികമൊന്നും ചേർക്കാതെ ആ ലക്ഷ്യം കൈവരിക്കുന്ന ഒരു മാജിക്കൽ വർക്ക് ആണ്. ഡോക്യൂമെന്ററി മാത്രമായൊതുങ്ങുമായിരുന്ന വൈറസിനെ സ്‌ക്രിപ്റ്റും മേക്കിംഗും വേറെ ലെവലാക്കുന്നു.

2018 മെയ് 5 ന് പകൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിലും മറ്റു ഭാഗങ്ങളിലുമായി നടക്കുന്ന വിവിധ സംഭവങ്ങളിലൂടെ ആണ് സിനിമ തുടങ്ങുന്നത്. തുടർന്ന് അവിടെ അജ്ഞാത രോഗലക്ഷണങ്ങളോട് കൂടി അഡ്മിറ്റിലായിരുന്ന സക്കറിയ എന്ന രോഗി കൊല്ലപ്പെടുന്നു. മരണങ്ങൾ ആവർത്തിക്കുന്നു. എല്ലാവരിലെയും കോമൺ ലക്ഷണമായ മസ്തിഷ്‌കജ്വരം നിപ കൊണ്ടാവാമെന്നു ഡോക്ടർമാർക്ക് ഉൾവിളി ഉണ്ടാകുന്നു. മണിപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റിപ്പോർട്ടും അതുതന്നെ സ്ഥിരീകരിക്കുന്നു..

തുടർന്നുള്ള ദിവസങ്ങളിൽ നിപ്പയുമായി ബന്ധപ്പെട്ട രോഗികളിലും അടുപ്പക്കാരിലും ആസ്പത്രിയിലും ഡോക്ടര്മാരിലും ജീവനക്കാരിലും മറ്റും മറ്റുമായി ക്യാമറ മുന്നോട്ട് പോവുന്നു. കുഞ്ഞുകുഞ്ഞു സംഭവങ്ങളെ കോർത്തിണക്കിയുള്ള നോൺ ലീനിയർ ആവിഷ്കാരം കാണികളെ ഒട്ടും മുഷിയിക്കാതെ കൂട്ടിയിണക്കുന്നു. ചെറുതും വലുതുമായി നൂറുകണക്കിന് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ ആണ് (മരിച്ച ചിലരും) സ്‌ക്രീനിൽ വന്നു പോകുന്നത് എങ്കിലും എല്ലാവർക്കും കൃത്യമായ മിഴിവും വ്യക്തിത്വവും നൽകാൻ എഴുത്തുകാരും സംവിധായകനും ശ്രമിച്ചിരിക്കുന്നത് വൈറസിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

ഒരു പോലീസ് അന്വേഷണ ത്രില്ലർ പോലെ ഉദ്വേഗജനകമായി നിപ ഔട്ട്‌ബ്രെയ്ക്കിന്റെ റൂട്ടുകൾ അന്വേഷിച്ച് പോകുന്ന സെക്കൻഡ് ഹാഫ് ആണ് പടത്തിന്റെ ഹൈലൈറ്റ്. ലോകസിനിമാ ചരിത്രത്തിൽ ഇതിന് പൂർവ മാതൃകകൾ ഉണ്ടോ എന്നറിയില്ല. പക്ഷെ, സാധാരണഗതിയിൽ പ്രേക്ഷകന് ഒട്ടും താത്പര്യമുണ്ടാവാൻ സാധ്യതയില്ലാത്ത മെഡിക്കൽ ഇൻവെസ്റ്റിഗേഷനെ എല്ലാവരെയും പിടിച്ചിരുത്തും വിധം ബ്രില്യന്റായി വൈറസ് വരച്ചിടുന്നു. അതുകൊണ്ട് തന്നെ മെഡിക്കൽ ത്രില്ലർ എന്നൊക്കെ സിനിമയ്ക്ക് വിശേഷണം നൽകിയാലും ഒട്ടും അതിശയോക്തി ആവില്ല.

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, റഹ്‌മാൻ, ജോജു ജോർജ്, പാർവതി, റിമ കല്ലിങ്കൽ, ഷറഫുദീൻ, ശ്രീനാഥ് ഭാസി, രേവതി, മഡോണ സെബാസ്റ്റിയൻ , ഇന്ദ്രജിത്ത്, പൂർണിമ, ദിലീഷ് പോത്തൻ, സുധീഷ് , ബേസിൽ, സാവിത്രി ശ്രീധരൻ, സക്കറിയ തുടങ്ങി വമ്പൻ താരനിര തന്നെ വന്നുപോകുന്ന സിനിമയിൽ ഒരു ക്യാരക്ടറിനെയും താരത്തിന് വേണ്ടി പൊലിപ്പിച്ചില്ല . പ്രകടനം കൊണ്ട് ആദ്യ പകുതിയിൽ ശ്രീനാഥ് ഭാസിയും അവസാനമെത്തുമ്പോൾ സൗബിനുമാണ് മിന്നിതിളങ്ങുന്നത്. മരണപ്പെട്ട അഖില സിസ്റ്ററുടെ ഭർത്താവ് ആയി രണ്ടു സീനിൽ വന്നു പോകുന്ന ഷറഫുദ്ദീൻ ആണ് ഞെട്ടിച്ചുകളയുന്ന മറ്റൊരാൾ.

കേരളത്തിന്റെ ആരോഗ്യമന്ത്രിയായി രൂപം കൊണ്ടും ചലനങ്ങൾ കൊണ്ടും രേവതി നന്നായെങ്കിലും സംഭാഷണങ്ങൾക്കായി വായിൽ മെഴുക്കുപുരട്ടി ശബ്ദം തിരുകി കൊടുത്തത് തീർത്തും അരോചകമായി. പടത്തിന്റെ കൺക്ലൂഷനിൽ ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളെ സമ്പൂർണ രോഗമുക്തമായി പ്രഖ്യാപിക്കും മുമ്പ് നിപ ട്രാൻമിഷന്റെ മീഡിയകളെയും ലിങ്കുകളെയും എങ്ങനെ കട്ട് ചെയ്തുവെന്നതിൽ പ്രേക്ഷകന് കൃത്യമായ ചിത്രം നൽകാൻ സിനിമയ്ക്കാവുന്നില്ല എന്ന് തോന്നുന്നു.

എന്നിരുന്നാലും മലയാളം കണ്ട ഏറ്റവും നല്ല മെഡിക്കൽ/ സർവൈവൽ ത്രില്ലർ ആണ് വൈറസ്. ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമയായി ഇതിനെ വിലയിരുത്താം. മാത്രവുമല്ല, ഈ സിനിമയിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ ലിസ്റ്റിലേക്കും ആഷിക്ക് കടന്നുകേറുന്നു.

രാജീവ് രവിയുടെ ക്യാമറ വർക്ക് വൈറസിന്റെ ക്ലാസ് വർധിപ്പിക്കുന്നു. ബാക് ഗ്രൗണ്ട് സ്‌കോർ നൽകിയ സുഷിൻ ശ്യാം ഒരു അസാധ്യ മൊതൽ തന്നെയാണ്. പ്രതിരോധ സംവിധാനവും ട്രീറ്റ്മെന്റ് പ്രോട്ടോകോളും ഒന്നുമില്ലാത്ത ഒരു മാരകരോഗത്തിന്റെ എല്ലാവിധ ക്രൗര്യവും ബിജിയെമ്മിലൂടെ പ പ്രേക്ഷകനിലേക്ക് സനിവേശിപ്പിക്കുന്നതിൽ ആ പഹയൻ വഹിക്കുന്ന പങ്ക് ചില്ലറയല്ല.

ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന്റെ സ്വീകാര്യതയോടെ 160ൽ പരം തിയേറ്ററുകളിൽ ആണ് കേരളത്തിൽ വൈറസ് ഇന്ന് പ്രദര്ശനത്തിനെതിയിരിക്കുന്നത്. മറ്റൊരു നിപ ഔട്ബ്രേക്കിന്റെ ഭീതിയിൽ കേരളം നിൽക്കുമ്പോൾ ആരോഗ്യ ബോധവത്കരണത്തിലും മോട്ടിവേഷന്റെ കാര്യത്തിലും ഈ സിനിമയുടെ പങ്ക് വളരെ വലുതാണ്. ഒപ്പം തന്നെ അത് ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയുമാണ്.

മലയാളം കണ്ട ഏറ്റവും മികച്ച മെഡിക്കൽ സർവൈവൽ ത്രില്ലർ

കടപ്പാട്: ശൈലൻ

LEAVE A REPLY

Please enter your comment!
Please enter your name here