“റിമയിൽ കണ്ടത് എന്റെ ലിനിയെ”; സജീഷ് പുത്തൂർ..

0
956

കഴിഞ്ഞ വർഷം കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബുവും സംഘവും ഒരുക്കിയ ചിത്രമാണ് വൈറസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിൽ ഏറെ ശ്രദ്ധേയമാണ് നിപ്പ രോഗിയെ ചികിത്സിച്ചതിലൂടെ രോഗം ബാധിച്ചു മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂരിന്റെ വാക്കുകൾ. റിമ കല്ലിങ്കൽ അവതരിപ്പിച്ച കഥാപാത്രത്തില്‍ തന്‍റെ ലിനിയെ തന്നെയാണ് കണ്ടതെന്നാണ് സജീഷ് പറയുന്നു. റിമ ജീവിക്കുകയായിരുന്നു എന്നും സജീഷ് കുറിക്കുന്നു. ഫെയ്സ്ബുക്കിലാണ് വൈറസിനെ കുറിച്ച് സജീഷ് പുത്തൂര്‍ കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവിൽ “വൈറസ്”‌ സിനിമ ഇന്നലെ വൈറസ്‌ ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ്‌ ആയിരുന്നു. ‘

റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌ റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.

ഒരുപാട്‌ നന്ദിയുണ്ട്‌ ആഷിക്ക്‌ ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്‌. എല്ലാ താരങ്ങളും മത്സരിച്ച്‌ അഭിനയിച്ചു.

പാർവ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ്‌ ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇന്ദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ്‌ ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു. സിനിമ കാണുന്നതിന്‌ മുൻപ്‌ എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.

LEAVE A REPLY

Please enter your comment!
Please enter your name here