ആന്തൂരില്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റി.. എന്റെ ജനകീയതയില്‍ അതൃപ്തി വേണ്ട. നിലപാടില്‍ ഉറച്ച് പി. ജയരാജന്‍

0
493

ആന്തൂരിൽ പ്രവാസി മലയാളി സാജൻ പാറയിലിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന നിലപാടിൽ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. സാജന്റെ കെട്ടിട നിർമാണ അനുമതിയുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിൽ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നും അത് ഉൾകൊള്ളണമെന്നും വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു. 

ഒരു പ്രവര്‍ത്തകനേയും ഒതുക്കാന്‍ സിപിഎമ്മിന്റെ സംഘടനാ തത്വം അനുസരിച്ച് സാധിക്കില്ല. സിപിഎമ്മില്‍ പണ്ട് താന്‍ എന്തായിരുന്നോ അത് തന്നെയാണ് ഇപ്പോഴും. തന്റെ ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി വേണ്ടെന്നും പാര്‍ട്ടിക്ക് അതീതനായല്ല വിധേയനായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു. 

ഞാൻ ഒരു ജനപ്രതിനിധിയല്ല. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ എന്തു കൊണ്ടാണ് സാജന്റെ കൺവൻഷൻ സെന്ററിന് അനുമതി നൽകാത്തത് എന്ന് അന്വേഷിച്ചു. കെട്ടിട നിർമാണച്ചട്ടത്തിന്റെ ലംഘനം ഉണ്ടായി എന്നായിരുന്നു മറുപടി. അതു ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദേശമാണ് നഗരസഭയ്ക്ക് മുന്‍പാകെ വച്ചത്. അങ്ങനെയാണ് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടത്. 

ന്യൂനതകൾ പരിഹരിച്ച് നഗരസഭയ്ക്ക് എപ്രിൽ മാസം അപേക്ഷ കൊടുത്തിട്ടും കാലതാമസം വന്നതാണ് സാജനെ വിഷമിപ്പിച്ചത്. ഇത്തരത്തിൽ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതിൽ വിഷമം ഉണ്ടെന്നും ജയരാജൻ അഭിമുഖത്തിൽ പറഞ്ഞു. കെട്ടിട നിർമാണച്ചട്ടമനുസരിച്ച് അനുമതി നൽകേണ്ടത് ഉദ്യോഗസ്ഥരാണ്.

സിപിഎമ്മിന്റെ ജില്ലാകമ്മിറ്റി അംഗം കൂടിയായ നഗരസഭാധ്യക്ഷയ്ക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ഉത്തരവാദിത്തുമുണ്ട്. ശ്യാമള ടീച്ചർക്ക് തെറ്റുപറ്റി, ടീച്ചർ അത് ഉൾകൊള്ളണം– ജയരാജൻ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here