കട്ടകുത്തി വളരുന്ന മണിപ്ലാന്റ് നിങ്ങളുടെ വീട്ടിലും വളർത്താം. ഈ രീതിയിൽ ശ്രമിച്ചു നോക്കൂ

നമ്മുടെ വീടുകൾ ഭംഗിയാക്കാൻ ആയി പല മാർഗങ്ങളും സ്വീകരിക്കുന്നവരുണ്ട്. വ്യത്യസ്തമായ ഗാർഡനിംഗ് രീതികൾ ഉപയോഗിച്ച്‌ വീടുകൾ കൂടുതൽ ഭംഗിയാക്കാൻ ശ്രമിക്കുന്നവരാണ് മിക്കവരും. ഗാർഡനിലും വീടുകളിലെ ഇന്റീരിയറിലും ഭംഗിയുള്ള ചെടികൾ നട്ടുവളർത്തി വീട് കൂടുതൽ ആകർഷകമാക്കാൻ ആണ് മിക്കവരും ശ്രമിക്കുന്നത്.

ഇതിനായി നാടൻ പൂച്ചെടികൾ മുതൽ പ്രത്യേകതരത്തിൽ ചിട്ടപ്പെടുത്തി എടുക്കുന്ന ബോൺസായ് ചെടികൾ വരെ ഉപയോഗിക്കുന്നവരുണ്ട്. ഗാർഡനിൽ കൂടുതൽ പൂചെടികൾക്ക് പ്രാധാന്യം കൊടുക്കുമെങ്കിലും ഇന്റീരിയറിൽ പച്ചപ്പിന് പ്രാധാന്യം കൊടുക്കുന്ന പൂവില്ലാത്ത ചെടികളെയാണ് കൂടുതലായി ഉപയോഗിച്ച് കണ്ടുവരുന്നത്‌.

ഇത്തരത്തിൽ വീടുകൾ ഭംഗിയാക്കുമ്പോൾ അതിനായി തിരഞ്ഞെടുക്കുന്ന ചെടികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരിനമാണ് മണി പ്ലാന്റുകൾ. ഈ ചെടിയുടെ ഭംഗി കൊണ്ടും ഈ ചെടി വളർത്തിയാൽ നമ്മുടെ വീടുകളിൽ സൗഭാഗ്യം വരും എന്ന് പറയപ്പെടുന്നതുകൊണ്ടും പല ആളുകളും ഈ ചെടികൾ വീടുകളിൽ വളർത്തുന്നുണ്ട്. ഈ ചെടിക്ക് പല വെറൈറ്റികളുമുണ്ട്. ഇലകളുടെ വലിപ്പത്തിലും ഡിസൈനുകളിലും ആണ് ഇതിന്റെ പ്രത്യേകത ഉള്ളത്.

മറ്റു ചെടികളെ പോലെ കാര്യമായ പരിചരണം ഈ ചെടിക്ക് ആവശ്യം ഇല്ലാത്തതിനാലും ചെലവ് കുറവായതിനാലും ഈ ചെടി എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നു. സാധാരണയായി ഈ ചെടി വള്ളിപ്പടർപ്പുകൾ ആയി നീളത്തിലാണ് വളരുക. എന്നാൽ കട്ട കുത്തി നിൽക്കുന്ന മണി പ്ലാന്റ് ചെടികൾ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മണി പ്ലാൻറുകൾ നടുമ്പോൾ തുടക്കത്തിൽ മാത്രം ഒരു കാര്യം ശ്രദ്ധിച്ചാൽ കട്ട കുത്തി നിൽക്കുന്ന ചെടികൾ നമുക്ക് വളർത്തിക്കൊണ്ടു വരാനാകും.

ഇത്തരത്തിൽ ചെടി കട്ട കുത്തി വളരാൻ ആയുള്ള ഒരു ടിപ്പ് ആണ് ഇവിടെ പറയുന്നത്. അതിനായി ആരോഗ്യമുള്ള ഒരു മണി പ്ലാന്റിന്റെ 7-8 ഇലകൾ വന്നിരിക്കുന്ന ഒരു വള്ളി മുറിച്ചെടുക്കുക. ഇതിലെ ഓരോ ഇലയും ഇലയോട് ചേർത്തുള്ള വള്ളിയുടെ ഭാഗത്തോടുകൂടെ മുറിച്ചുമാറ്റുക. കാരണം, വള്ളിയിൽ നിന്നും ഇല്ല മുളയ്ക്കുന്ന ഭാഗത്തിന് നേരെ താഴെ ഭാഗത്തുനിന്നാണ് വേരുകളും വളരുന്നത്. അതുകൂടാതെ ഇല വന്നിരിക്കുന്ന ഭാഗത്തുനിന്നും അടുത്ത ഇലയുടെ മുള പൊട്ടുകയും ചെയ്യും.

ആദ്യം ഈ മുറിച്ചെടുത്ത ഇലകൾ എല്ലാംകൂടി ഒരു കെട്ടാക്കി ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അതിൽ ഇറക്കിവെക്കുക. വെള്ളത്തിൽ ഇറക്കി വയ്ക്കുമ്പോൾ ഇതിന് വേഗം വേരുകൾ വരുന്നതായിരിക്കും. ഏകദേശം ഒരു മാസത്തിലകം വെള്ളത്തിൽ ഇറക്കി വച്ചിരിക്കുന്ന ഇലകൾക്ക് മുള പൊട്ടുന്നതായിരിക്കും.ഒരു മാസത്തിനു ശേഷം അത് എടുത്തു പരിശോധിക്കുക.

മുള വരാത്തതും മഞ്ഞ നിറത്തിലുള്ള ഇലകൾ മാറ്റിവെച്ച് മുളവന്ന നല്ല ഇലകൾ മണ്ണിലേക്ക് മാറ്റി നടാവുന്നതാണ്. ഇനി മാറ്റി നടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം; നേരത്തെ കെട്ടിവച്ചത് പോലെ തന്നെ ഇപ്രാവശ്യവും കൂട്ടികെട്ടി വെച്ചിട്ട് വേണം മണ്ണിലേക്ക് ഒരുമിച്ച് നടാൻ. എന്നാലേ കട്ട കുത്തി വളരുന്ന രീതിയിലുള്ള മണി പ്ലാന്റ് നമുക്ക് ലഭിക്കുകയുള്ളൂ. നല്ല ചട്ടികളിൽ നിലത്ത് വെച്ചോ തൂക്കി ഇട്ടോ ഇവ വളർത്താവുന്നതാണ്. കുപ്പികളിൽ വെള്ളം നിറച്ചു മണി പ്ലാൻറ് വളർത്തുന്ന രീതിയും നിലവിലുണ്ട്. കട്ട കുത്തി വളരുന്ന മണി പ്ലാൻറ് ലഭിക്കണമെങ്കിൽ മേൽപ്പറഞ്ഞ രീതി ഒന്ന് ശ്രമിച്ചു നോക്കൂ. ഉറപ്പായും ഫലം ഉണ്ടാകുന്നതായിരിക്കും.