കാന്താരയിലെ വരാഹരൂപത്തിന് അനുമതി നൽകി കോടതി: തൈക്കുടം ബ്രിഡ്ജ് നൽകിയ പരാതി തള്ളി ! നീതിയുടെ വിജയമെന്ന് കാന്താരയുടെ അണിയറപ്രവർത്തകർ

കന്നഡ സിനിമയായ കാന്താര യിലെ വരാഹരൂപം എന്ന ഗാനം സിനിമയിൽ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കി. ഗാനം കോപ്പിയടിച്ചെന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡ് സമർപ്പിച്ച ഹർജി കോഴിക്കോട് ജില്ലാ കോടതി തള്ളി. ഈ വിഷയത്തിൽ അധികാരപരിധി തൈക്കുടം ബ്രിഡ്ജ്ന് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. വരാഹ രൂപം ഗാനത്തിന്റെ രചയിതാവ് ശശിരാജ് കാവൂരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

കീഴ്‌ക്കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ട് തൈക്കൂടം സമർപ്പിച്ച ഹർജി തള്ളുകയായിരുന്നു. തുടർന്ന് വരാഹരൂപത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിട്ടുണ്ട്. ഇവിടെ നീതിയാണ് വിജയിച്ചതെന്നും ശശിരാജ് കാവൂര് ഫേസ്ബുക്കിൽ കുറിച്ചു.

പുതിയ വിധി കാന്താരയുടെ അണിയറപ്രവർത്തകർക്ക് ആശ്വാസമാണെങ്കിലും ഈ ഗാനം ഉടൻ സിനിമയിൽ ഉപയോഗിക്കില്ല എന്നാണ് പുറത്തു വരുന്ന വിവരം. വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പുറപ്പെടുവിച്ച ഇടക്കാല വിലക്ക് തുടരുന്നതിനാൽ ഗാനം ഉപയോഗിക്കാൻ ഇപ്പോൾ കഴിയില്ല. കഴിഞ്ഞ മാസമാണ് തൈക്കുടം ബ്രിഡ്ജ് ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നവരസമെന്ന ഗാനം കോപ്പിയടിച്ചാണ് വരാഹരൂപം സൃഷ്ടിച്ചതെന്ന് ബാൻഡ് ആരോപിച്ചു.

തിയേറ്റർ പതിപ്പിൽ വരാഹരൂപം പൂർണ്ണമായും ഉപയോഗിച്ചിരുന്നു എന്നാൽ വിവാദങ്ങൾക്കൊടുവിൽ വരാഹരൂപമില്ലാതെ കഴിഞ്ഞ ദിവസം ഒടിടിയിൽ കന്താര റിലീസ് ചെയ്തിരുന്നു. പകരം വരാഹരൂപത്തോട് സാമ്യമുള്ള മറ്റൊരു ഗാനമാണ് ഒടിടി കാന്താരയിൽ ഉണ്ടായിരുന്നത്.

ഈ ഗാനം ഒട്ടും ആ ഗാന രംഗത്തോട് ചേരുന്നില്ല എന്നും, പഴ ഗാനം തന്നെ ചിത്രത്തിൽ കൊണ്ടുവരണമെന്നും പ്രേക്ഷകർ ഒന്നടങ്കം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മുഖേന ഋഷഭ് ഷെട്ടിയോടും ചിത്രത്തിലെ അണിയറ പ്രവർത്തകരോടും ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ സ്പിരിറ്റ് നഷ്ടമായെന്നാണ് ഭൂരിഭാഗം ആരാധകരും ഇതിനോട് പ്രതികരിച്ചത്.