നെറ്റിയിൽ ചെറിയ മുറിവ് മാത്രം; ഭാര്യയോട് സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതനായി! അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കുടുംബം..

0
3083

ദുബായിൽ ദീപ കുമാറും കുടുംബവും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടുവെന്നും നെറ്റിയിൽ ചെറിയൊരു മുറിവേയുള്ളൂവെന്നും കേട്ടപ്പോൾ ബന്ധുക്കൾ ആശ്വസിച്ചു. രണ്ടാമത്തെ ഫോൺ വിളി താങ്ങാനാകുന്നതായിരുന്നില്ല. ദുബായിൽ ജോലി ചെയ്യുന്ന ദീപ കുമാർ ഒമാനിൽ പോയശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഭാര്യ ആതിരയുടെ ബന്ധുവീട്ടിലേക്കാണു പോയത്. അപകടത്തിൽ ബസിന്റെ ചില്ലു തട്ടി ദീപ കുമാറിന്റെ നെറ്റിയിൽ പരുക്കേറ്റു. 

ആതിരയ്ക്കും മകൾ അമൂല്യയ്ക്കും നിസ്സാരപരുക്കുകൾ. ആതിര നെറ്റി തുടച്ചപ്പോൾ ദീപകുമാറിനു ബോധം ഉണ്ടായിരുന്നു. ആതിരയോടു സംസാരിച്ചു ആശുപത്രിയിൽ എത്തിയപ്പോൾ ബോധരഹിതനായി. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര പരുക്കാണു മരണത്തിനു കാരണമായത്.

അടുത്ത ഓണത്തിനു കാണാമെന്ന് അമ്മ പ്രഭുല്ലയോടും ബന്ധുക്കളോടും പറഞ്ഞാണു നാട്ടിലെ വീട്ടിൽ നിന്നുള്ള അവസാന യാത്ര. ദുബായിലെ ഓഫിസിൽ എന്തു തിരക്കാണെങ്കിലും ഓണത്തിനു വേളി മാധപുരത്തെ ജയാഭവനിൽ ദീപ കുമാർ എത്തുമായിരുന്നു. 

14 വർഷമായി ഇതിനു മുടക്കമില്ല. പല വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന സുഹൃത്തുക്കളും ഈ സമയത്തു നാട്ടിൽ ഉണ്ടാകും. സുഹൃത്തുക്കളും വീട്ടുകാരുമായി ആഘോഷവും സഞ്ചാരവും കഴിഞ്ഞു മടക്കം. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലും തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലും പഠിച്ചു. ബികോം കഴിഞ്ഞപ്പോൾ എൽഎൽബിക്കു ചേരാ‍ൻ തീരുമാനിച്ചപ്പോഴാണു ദുബായിൽ ജോലി ലഭിക്കുന്നത്. 

മിലിറ്ററി നഴ്സായിരുന്ന കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ആതിരയെ(33) നാലുവർഷം മുൻപാണു വിവാഹം കഴിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here