അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു പൊലിഞ്ഞ 3 മനുഷ്യ ജീവനുകൾ; വേദന പങ്കുവച്ച് കുറിപ്പ്..

0
539

കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാനിറങ്ങാനുള്ള ശ്രമത്തിനിടെ മൂന്നു പേർ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ വേദന പങ്കുവച്ച് തിരക്കഥാകൃത്തും നോവലിസ്റ്റുമായ കെ.വി അനിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

പാലക്കാട് കൊപ്പം സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. കിണറ്റിൽ ശ്വാസം മുട്ടി വീണ ഇവരെ നാട്ടുകാർ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മരണ വിവരം ഞെട്ടലോടെയാണ് നാട് കേട്ടത്. 

രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ പരസ്പരം വെട്ടിമരിക്കുന്നവരുടെ കൂട്ടത്തിൽ ആരും ചോദിക്കാനില്ലാത്ത അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയപ്പോൾ അവർ ദൈവങ്ങളായി മാറിയെന്ന് അനിൽ കുറിക്കുന്നു.

കുറിപ്പ് വായിക്കാം;

ഒരു അണ്ണാൻകുഞ്ഞും മൂന്ന് മനുഷ്യ ജീവനുകളും…

വിഷുത്തലേന്ന് ആയിരുന്നു അത്. വീട്ടുമുറ്റത്തെ കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മൂന്ന് ചെറുപ്പക്കാർ കിണറ്റിൽ ഇറങ്ങി.

പാലക്കാട് ജില്ലയിലെ തൃത്താല കൊപ്പം പത്താം വാർഡിലെ സുരേഷിന്റെ വീട്ടിലെ കിണറ്റിൽ ഞായറാഴ്ച രാവിലെയാണ് അണ്ണാൻ കുഞ്ഞ് വീണത്.

അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ സുരേഷ് അബദ്ധത്തിൽ കിണറ്റിൽ വീണു. സുരേഷിനെ രക്ഷിക്കാനായിട്ടാണ് അയൽവാസികളും സഹോദരൻമാരുമായ കൃഷ്ണൻകുട്ടിയും സുരേന്ദ്രനും കിണറ്റിൽ ഇറങ്ങിയത്.

മൂന്നു പേരും ഇന്ന് ഭൂമിയിൽ ഇല്ല. മരിച്ചവർ നക്ഷത്രങ്ങളാവുന്നു എന്നു കേട്ടിട്ടുണ്ട്. ഇവിടെ ഇവർ ദൈവങ്ങൾ ആവുന്നു. ആർക്കും വേണ്ടാത്ത ഒരു അണ്ണാൻ കുഞ്ഞിന് വേണ്ടി ഇവർ ബലി നൽകിയത് അവരുടെ ജീവനുകളാണ്. അത്താണി അറ്റ് പോയത് മൂന്ന് കുടുംബങ്ങളുടെയാണ്.

രാഷ്ട്രീയത്തിന്റെ പേരിൽ…. മതത്തിന്റെ പേരിൽ….

ജീവന്റെ ഞരമ്പുകൾ നിർദാക്ഷണ്യം അറുത്തു വിടുന്നവരുടെ ഇടയിൽ…

പ്രണയം പെട്രോളൊഴിച്ച് കത്തിക്കുന്നവരുടെ ഇടയിൽ …

നടുറോഡിൽ ചോരയിൽ കുളിച്ചു പിടയുന്ന ജീവനൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിലിട്ട് വൈറലാക്കുന്നവർക്കിടയിൽ

ഏഴു വയസ്സുകാരനെ ഭിത്തിയിലടിച്ചും…

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ടും കൊല്ലുന്നവരുടെ ഇടയിൽ …

സുഹൃത്തുക്കളേ നിങ്ങൾ എനിക്ക് ദൈവമാണ്.

നിങ്ങളെ ഞാൻ നേരിൽ കണ്ടിട്ടില്ല. ദൈവത്തെയും ഞാൻ നേരിൽ കണ്ടിട്ടില്ല. ഭൂമിയിലെ ചില ദൈവങ്ങൾ സ്വർഗത്തിലെ ദൈവങ്ങളെക്കാൾ വലുതാകുന്നു… ചില നേരങ്ങളിൽ 

LEAVE A REPLY

Please enter your comment!
Please enter your name here